Friday, January 29, 2010

എന്‍റെ പേര് 'ഗള്‍ഫ്‌'


എനിക്ക് പറയാനുള്ളത് നാല്‍പതു വര്‍ഷത്തെ എന്‍റെ കഥ...അല്ല നിങ്ങളുടെ കഥ...
നാല്‍പതു വര്‍ഷം മുമ്പ് വരെ ഞാന്‍ ഒന്നുമല്ലായിരുന്നു.എന്‍റെ മക്കള്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെട്ടിരുന്നു. ഞാന്‍ എണ്ണക്കിണറുകളെ ഗര്‍ഭം ധരിക്കുന്നത് വരെ.അതിനു ശേഷം അങ്ങോട്ട്‌ എനിക്ക് പറയാനുള്ളത് വിജയത്തിന്‍റെ കഥകള്‍ മാത്രം.ഭാഗ്യന്വേഷികളുടെ മനസ്സില്‍ ഞാന്‍ എന്നും ഒരു ചോദ്യ ചിഹ്നമായിരുന്നു.ഇന്ന് ഞാന്‍ പോറ്റുന്നത് എന്‍റെ മക്കളെ മാത്രമല്ല.എന്നെ പോലെയുള്ള അമ്മമാരുടെ മക്കളെയാണ്.എന്നാലും അവര്‍ എനിക്ക് എന്‍റെ മക്കളെ പോലെ തന്നെ.എന്‍റെ അടുത്തേക്ക് ആര്‍ക്കു വേണമെങ്കിലും വരാം.ഞാന്‍ എല്ലാവര്‍ക്കും അഭയം കൊടുക്കും. കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍റെ മക്കളും അഭയാര്‍ത്തികളായിരുന്നില്ലേ?

എന്റെ അടുത്തേക്ക് അഭയം തേടി എത്തിയവര്‍ ഏറേ... കഷ്ട്ടപ്പാടില്‍ നിന്നും പട്ടിണിയില്‍ നിന്നും ഭാഗ്യത്തിന്റെ ഉയര്‍ന്ന പച്ചപ്പിലേക്കു നടന്നു കയറിയവര്‍ ഏറേ.. വന്നിട്ടും ഒന്നും നേടാനാകാതെ ദുരിതവും പേറി തിരിച്ചു പോയവരും എന്റെ അടുത്ത് സ്വയം എരിഞ്ഞടങ്ങിയവരും ഒട്ടും കുറവല്ല. ഇന്നും പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഇവിടേക്കു വരുന്നവര്‍ക്കു കുറവില്ല .. അവരില്‍ ചിലരെങ്കിലും അവരുടെ സ്വപ്നങ്ങള്‍ക്കു ചിറകു വെച്ചു തിരിച്ചു പറക്കുന്നു ചിലര്‍ ചിറകു കരിഞ്ഞു താഴെ പതിക്കുന്നു .. മാറിയ ജീവിതക്രമങ്ങളും സാമൂഹിക വ്യവസ്ഥകളും എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി ..

(തുടരും)